Skip to content Skip to sidebar Skip to footer

Articles About Guru

അഭിവൃദ്ധി ഉണ്ടാകാന്‍

74-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനു പരിസമാപ്തിയായി. കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് ഇക്കൊല്ലം ശിവഗിരിയില്‍ വന്നുപോയത്. ശിവഗിരി തീര്‍ത്ഥാടനത്തിനു ഗുരുദേവന്‍ കല്പിച്ച  വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കച്ചവടം, സംഘടന, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ടു വിഷയങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടു നടന്ന സമ്മേളനങ്ങളില്‍ വിദഗ്ദ്ധര്‍ നടത്തിയ പ്രസംഗങ്ങള്‍ പുതിയ അറിവും വെളിച്ചവും പകരുന്നതായിരുന്നു. ഗുരുദേവദര്‍ശനത്തിന്‍റെ ഈ വിളംബരധ്വനികള്‍ നമ്മുടെ ജീവിതത്തിന്‍റെ ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള സമഗ്രമായ പുരോഗതിക്ക് സഹായകമായിത്തീരണം.


          തീര്‍ത്ഥാടനാനുമതി നല്‍കിയ അവസരത്തില്‍ ഗുരുദേവന്‍ കല്പിച്ചത് ശ്രദ്ധിക്കുക: ‘ഓരോ വിഷയത്തിലും വിദഗ്ദ്ധരായവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടുകൂടിയിരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.’ ഈ ഗുരുദേവ കല്പനയെ പ്രാര്‍ത്ഥനാപൂര്‍വ്വം ഉള്‍ക്കൊണ്ടാല്‍ മാത്രമേ ശിവഗിരിയില്‍ കേട്ട പാഠങ്ങള്‍ നമുക്ക് ജീവിതത്തില്‍ പുതിയ അര്‍ത്ഥവും ലക്ഷ്യവും ഉണ്ടാക്കിത്തരാന്‍ സഹായകമാവൂ.


          ആഗോളവത്കരണത്തിന്‍റെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ശാസ്ത്രീയമായി നേരിടുന്നതിനും അതില്‍ വിജയം പ്രാപിക്കുന്നതിനും ഗുരുദേവന്‍റെ ദര്‍ശനം നല്‍കുന്ന ഉള്‍വെളിച്ചം സമാനതകളില്ലാത്തതാണ്. ലോകത്തെത്തന്നെ പ്രകാശിപ്പിക്കുന്ന പ്രകാശത്തിനും അടിസ്ഥാനമായ ഈ ദര്‍ശനത്തിന്‍റെ പൂര്‍ണ്ണാനുഭവമുണ്ടായാല്‍ സര്‍വ്വവിധങ്ങളായ ഭേദചിന്തകളും അശാസ്ത്രീയവാദങ്ങളും അസ്തമിച്ചുപോകും. അപ്പോള്‍ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഈ ലോകം വിളങ്ങും.
‘സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവന്‍ പ്രമാണമാണ് ‘ എന്ന ഗുരുവാണിയുടെ പൊരുളറിഞ്ഞാല്‍ ലോകത്ത് പിന്നെ അശാന്തിക്കിരിക്കാന്‍ ഇടമുണ്ടാവുകയില്ല. മത്സരങ്ങളും ഏറ്റുമുട്ടലുകളുമില്ലാത്ത ശാശ്വതശാന്തിയുടെ ശോഭനമായ പ്രഭാതങ്ങളാവും മനുഷ്യനെ നിത്യവും എതിരേല്‍ക്കുക. ഇതിനെല്ലാം പ്രാഥമികമായി വേണ്ടത് വിദ്യ തന്നെ. അറിവിന്‍റെ സമഗ്രതയാണത്. ആ അറിവിന്‍റെ തീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം. നവീനമായ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള പുതിയ വഴിത്താരകളാണ് ശിവഗിരി തീര്‍ത്ഥാടനം തുറന്നിടുന്നത്.


        സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ എടുത്തുപറഞ്ഞ ഗുരുദേവന്‍റെ വിദ്യാഭ്യാസ സങ്കല്‍പ്പം ഇനിയും വേണ്ടവിധം ഉള്‍ക്കൊള്ളുവാന്‍ നമുക്കായിട്ടില്ല. ആ സങ്കല്‍പ്പം പ്രയോഗത്തില്‍ വരുത്തുവാന്‍  ബന്ധപ്പെട്ട സര്‍വ്വകലാശാലകളും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളും സജീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അങ്ങനെയായാല്‍ ദ്വൈതനിരാകരണത്തിനും സമത്വസുന്ദരമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കും അതേറെ സഹായകമാവും.



What's your reaction?
5Cool1Bad0Happy1Sad

The RamanX. @ All Rights Reserved www.pravasisndpyogam.uk